കൊടുങ്ങല്ലൂരിൽ കുട്ടിയുടെ ആത്മഹത്യ: പൊലീസിനെതിരെ ഗുരുതര ആരോപണം; ബാലാവകാശ കമീഷൻ കേസെടുത്തു

കൊടുങ്ങല്ലൂർ: തൃശൂർ കൊടുങ്ങല്ലൂർ എറിയാട്ടിൽ പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുടെ മരണത്തിൽ കൊടുങ്ങല്ലൂർ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ് നൗഷാദ് രംഗത്തെത്തിയിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മകനെ കള്ളക്കേസിൽ കുടുക്കി പൊലീസുകാർ ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവിന്‍റെ ആരോപണം.

അനുജനെ പൊലീസ് ഉപദ്രവിക്കുന്നത് സഹിക്കാനാവാതെ കുട്ടിയുടെ ജ്യേഷ്ഠൻ കുറ്റം ഏറ്റുപറയുകയായിരുന്നുവെന്നും മൂന്നു ദിവസത്തോളം കസ്റ്റഡിയിൽ വെച്ച ശേഷമാണ് പ്രായപൂർത്തിയായ മകനെ കോടതിയിലും പ്രായപൂർത്തിയാവാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും ഹാജരാക്കിയതെന്നും പിതാവ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയ കുട്ടി, ജയിലിലായിരുന്ന ജ്യേഷ്ഠനെ സന്ദർശിച്ച് മടങ്ങിയ ശേഷമാണ് ജീവനൊടുക്കിയത്.

സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് തൃശൂർ ജില്ല പൊലീസ് മേധാവി, ജില്ല ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് ബാലാവകാശ കമീഷൻ അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *