കേണിച്ചിറ : മദ്യലഹരിയിൽ പോലീസ് ഇൻസ്പെക്ടർ ഓടിച്ച കാറിടിച്ച് ബൈക്കിനുപിന്നിൽ യാത്രചെയ്യുകയായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. ബത്തേരി തോട്ടുമ്മൽ ഇർഷാദിന്റെ ഭാര്യ റഹിയാനത്തിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് ഇൻസ്പെക്ടറായ നടവയൽ സ്വദേശി ഷാജു ജോസഫിന്റെ പേരിൽ കേണിച്ചിറ സ്റ്റേഷനിലെ എസ്.ഐ. ആയിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം. കേണിച്ചിറ പെട്രോൾ പമ്പിനു മുൻവശത്തായിരുന്നു അപകടം. ബത്തേരിയിലേക്ക് പോവുകയായിരുന്ന ദമ്പതിമാർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഷാജു ജോസഫ് ഓടിച്ച കാർ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ബത്തേരി ഭാഗത്തുനിന്ന് കാറോടിച്ചുവരുകയായിരുന്നു ഇൻസ്പെക്ടർ. കാറിൽനിന്നിറങ്ങിയ ഷാജു മദ്യലഹരിയിൽ കാൽ നിലത്തുറയ്ക്കാത്ത അവസ്ഥയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറിപ്പോവാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. അപ്പോഴേക്കും കേണിച്ചിറ പോലീസ് സ്ഥലത്തെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.വൈദ്യപരിശോധനയ്ക്കുശേഷം ഇദ്ദേഹത്തിന്റെ പേരിൽ കേസെടുത്തു.
2020-10-24
