“മുടി ഡൈ ചെയ്ത് മടുത്തു”; നരച്ച മുടിയുമായി പൊതുവേദിയിൽ ആമിർ ഖാൻ; അമ്പരപ്പോടെ ആരാധകർ, വീഡിയോ വൈറൽ

ബോളിവുഡ് താരം ആമിർ ഖാന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗമാകുന്നത്. പൂർണ്ണമായും നരച്ച മുടിയുമായി പൊതുവേദിയിലെത്തിയ താരത്തിന്റെ ലുക്ക് കണ്ട് ഏവരും അമ്പരന്നു. ‘സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവൽ 2026’-ന്റെ ഭാഗമായി സംവിധായകൻ സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്ത ചർച്ചയിലാണ് താരം പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.

പൂക്കള്‍ ഡിസൈനുള്ള ഷർട്ടും കറുത്ത പാന്റും  കണ്ണടയും ധരിച്ച താരം സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള മേക്കോവറാകും ഇതെന്നാണ് അവിടെ കൂടിയ മാധ്യമ പ്രവർത്തകരടക്കം ചിന്തിച്ചത്. ഇക്കാര്യം ആമിറിനോട് ചോദിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഒരു സിനിമയ്ക്കുവേണ്ടിയുള്ള രൂപമാറ്റമല്ല ഇതെന്ന് വ്യക്തമാക്കിയ താരം, ഈ ലുക്കിൽ പ്രത്യേകിച്ചൊന്നുമില്ല.

താൻ മുടി ഡൈ ചെയ്യുന്നത് നിർത്തിയതാണ്, മടുത്തു എന്നും പ്രതികരിച്ചു. എന്നാൽ ആമിറിന്റെ വാക്കുകൾ സുഭാഷ് ഘായിക്ക് അത്ര വിശ്വാസമായില്ല. താരത്തിന്റെ പുതിയ രൂപത്തിന് പിന്നിൽ അടുത്ത സിനിമയിലെ കഥാപാത്രമുണ്ടാകാമെന്ന് അദ്ദേഹം തമാശയായി സൂചിപ്പിച്ചു.

ആമിറിനെ ഇങ്ങനെ വ്യത്യസ്തമായൊരു ലുക്കിൽ കണ്ടാൽ മനസ്സിലാക്കണം, ഏതെങ്കിലും കഥാപാത്രത്തെക്കുറിച്ച് പഠിക്കുകയായിരിക്കും എന്നായിരുന്നു സുഭാഷ് ഘായിയുടെ പ്രതികരണം.

90 കളിൽ തങ്ങളുടെ ഇഷ്ടതാരങ്ങളായിരുന്നവർ പതിയെ ഓർമകളായി മാറുകയാണെന്ന് മറ്റു ചിലരും കുറിച്ചു. ‘‘ആമിർ ഖാൻ സർ ആദ്യമായി ഒരു യഥാർഥ 60 കാരനെപ്പോലെ കാണപ്പെടുന്നു. ഇത് പ്രതീക്ഷിച്ചതാണെങ്കിലും, എങ്ങനെയോ അത് വേദനിപ്പിക്കുന്നു… നമ്മുടെ 90-കളിലെ താരങ്ങൾ പതുക്കെ നമ്മൾ വളർന്നുവന്ന ഓർമ്മകളായി മാറുകയാണ്” എന്ന അടിക്കുറിപ്പോടെ നമൻ പണ്ഡിറ്റ് എന്ന എക്സ് ഉപയോക്താവാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *