‘പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’; വാഹന മോഡിഫിക്കേഷനിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്‌ദാനമായിരുന്നു വാഹനം മോഡിഫിക്കേഷൻ നൽകാനുള്ള അനുമതി നൽകുമെന്ന്. മുഖ്യമന്ത്രി വാക്കുപാലിച്ചെങ്കിലും വാഹന ഉടമകൾ പ്രതീക്ഷിച്ച രീതിയിലുള്ള മോഡിഫിക്കേഷന് മോട്ടോർ വാഹനവകുപ്പ് അനുമതി നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളിൽ വ്യക്തത വരുത്തിയ മോട്ടോർ വാഹനവകുപ്പ് സർക്കുലർ ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തിയത്.

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പരിഹസിച്ചത്. .’പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’ എന്നായിരുന്നു ഗണേഷ് കുറിച്ചത്. ‘അന്നേ പറഞ്ഞു ഇത് നടക്കില്ലായെന്ന്, കാരണം കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരു സംസ്ഥാനത്തിന് മാത്രമായി മാറ്റാൻ കഴിയില്ല. കോടതിയെയും കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളെയും മറികടന്ന് എങ്ങനെ സംസ്ഥാന സർക്കാരിന് മാത്രമായി മോഡിഫിക്കേഷൻ നടത്താൻ പറ്റും…’ -ഗണേഷ് കുമാർ ചോദിച്ചു.

അതേസമയം, മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിൽ പലതും മാനദണ്ഡങ്ങൾക്ക് വിധേയമായി നിലവിൽ ചെയ്യാവുന്നതാണെങ്കിലും ‘പൊതുജനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ രൂപമാറ്റങ്ങൾക്ക് അനുവാദം നൽകി’ എന്ന നിലയിലാണ് ഗതാഗത കമിഷണറേറ്റ് അവതരിപ്പിച്ചത്. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് പ്രകാരം, ഇന്ധനം മാറ്റൽ, എൻജിൻ അല്ലെങ്കിൽ ചേസിസ് മാറ്റൽ, ബോഡി ഘടന മാറ്റൽ തുടങ്ങിയ ഏത് മാറ്റങ്ങളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത മാനദണ്ഡം പാലിച്ചു മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നുണ്ട്.

അനുവദിച്ച രൂപമാറ്റങ്ങൾ

  • വാഹനത്തിന്റെ നിറം മാറ്റൽ

രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ ആർ.സിയിൽ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ നിറം മാറ്റാൻ പാടുള്ളൂ. പുതിയ നിറം കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരമോ കാലാകാലങ്ങളിൽ നിലവിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാന പ്രകാരമോ നിരോധിക്കപ്പെട്ടതാകാൻ പാടില്ല എന്നതാണ് നിബന്ധന.

  • എൻജിൻ മാറ്റൽ

വാഹനത്തിൽ ഉപയോഗിച്ച അതേ സവിശേഷതകളുള്ള (ഒരേ മോഡൽ, കപ്പാസിറ്റി, പവർ മുതലായവ) എൻജിൻ മാത്രമേ മാറ്റിവെയ്ക്കാവൂ. പഴയ എൻജിൻ നിർമിച്ച അതേ കമ്പനിയുടെ എൻജിനായിരിക്കുകയും വേണം. ഇത് ആർ.സിയിൽ രേഖപ്പെടുത്തണം. മറ്റേതെങ്കിലും വാഹനത്തിന്റെ എൻജിൻ മാറ്റിവെക്കുന്നത് അനുവദിക്കില്ല.

  • ഷാസി ഫ്രെയിം

നിലവിലെ ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും പുതിയ ഷാസി മാറ്റിവയ്ക്കാം. ആർ.സിയിൽ രേഖപ്പെടുത്തണം. ഒരു തരത്തിലുള്ള വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റിയെടുക്കാൻ പാടില്ല.

  • ബോഡി ഘടന

കേന്ദ്ര മോട്ടോർ വാഹനച്ചട്ടം കർശനമായി പാലിച്ചുകൊണ്ടുമാത്രമേ ബോഡി ഘടനയിൽ മാറ്റം വരുത്താവൂ. ഇതും ആർ.സിയിൽ ചേർക്കണം.

  • ഇന്ധന സംവിധാനം

യാഥാർഥ വാഹന നിർമാതാവ്, വാഹന കമ്പനി ഡീലർ, സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക് ഷോപ്പ്, സർക്കാർ അംഗീകരിച്ച സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന മാത്രമേ ഇന്ധന സംവിധാനം മാറ്റാവൂ. അതും അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് മാത്രം. ഇതും ആർ.സിയിൽ ഉൾപ്പെടുത്തണം.

  • പ്രൊപ്പൽഷൻ സിസ്റ്റം

അംഗീകൃത കൺവേർഷൻ കിറ്റുകൾ ഉപയോഗിച്ച് മാത്രമേ പ്രൊപ്പൽഷൻ സംവിധാനം മാറ്റാവൂ. എല്ലാ പ്രവൃത്തികളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കണം. പ്രവർത്തി പൂർത്തിയായശേഷം ആർ.സിയിൽ രേഖപ്പെടുത്തുകയും വേണം.

  • ഭിന്നശേഷി സൗഹൃദമാക്കൽ

വാഹനനിർമാതാവ്, ഡീലർ, സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക്ഷോപ്പ്, അംഗീകൃത സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന മാത്രമേ സാധാരണ വാഹനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാവൂ.

Leave a Reply

Your email address will not be published. Required fields are marked *