
പത്തനംതിട്ട: പോക്സോ കേസിൽ പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ രക്ഷപ്പെട്ടത്. നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ലാതിരുന്നതിനാൽ ഉൾവശത്തുള്ള മുറിയുടെ നിരത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പു കുറ്റിയിൽ ആണ് പ്രതിയെ കൈവിലങ്ങ് വെച്ച് സൂക്ഷിച്ചിരുന്നത്. രാത്രി 11 മണിയോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിരങ്ങ് ഊരി പ്രതി പൊലീസ് സ്റ്റേഷനിലെ മുൻ വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതി ഇറങ്ങി ഓടുന്നത് കണ്ട പാറാവുകാരൻ ഉൾപ്പെടെയുള്ള പൊലീസുകാർ പിന്നാലെ പാഞ്ഞെങ്കിലും സ്റ്റേഷനിൽ നിന്നും തിരുവല്ല – കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തോട് ചേർന്ന് കാട്ടിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാരും പിന്നാലെ ചാടിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
