
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സിജെപിയും ഇടതു സംഘടനകളും അറിയിച്ചതോടെ തലസ്ഥാനം ഇന്നും പ്രതിഷേധച്ചൂടിൽ അമരും. ശക്തമായ സുരക്ഷയിലാണ് തലസ്ഥാന നഗരം. രാവിലെ 10 മണിക്ക് ജന്തർ മന്തറിൽ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് സിജെപി അറിയിച്ചു.
പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്ത വിവിധ സംഘടനകളിലെ പ്രവർത്തകരെ വിട്ടയച്ചു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, ഇൻഫ്ലുവൻസർ ധ്രുവ് റാഠി, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെക്കുറിച്ചുള്ള വിവരം പുറത്തുവിടണമെന്ന് സിജെപി ആവശ്യപ്പെട്ടു.
കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും പ്രതിഷേധക്കാർ ഇന്നലെ അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചു. മുംബൈയിൽനിന്ന് വിമാനത്തിലെത്തിയ അഭിജീത് ദിപ്കെയെ വിമാനത്തിൽവച്ച് അറസ്റ്റു ചെയ്തു. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കേജ്‌രിവാൾ, മമത ബാനർജി എന്നിവരെയും അറസ്റ്റു ചെയ്തു. അഭിജീതിനെ അറസ്റ്റു ചെയ്തതിനെ തുടർന്ന് സിജെപി ഓർഗനൈസേഷൻ ചാർജ് അജിൻക്യ ഷിൻഡെ സമരം നയിക്കുമെന്ന് നേതൃത്വം അറിയിച്ചു.
