മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. കാറിന്റെ ഡ്രൈവർ സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു ഡ്രൈവറായ യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറയുന്നു.

പുലർച്ചെയാണ് അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് വന്ന ആഡംബര വാഹനം അമിതവേഗത്തിലെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ച 3 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 100 മീറ്ററോളം സ്കൂട്ടറിനെ കാർ റോഡിലൂടെ നിരക്കി. പാലക്കാട് സ്വദേശിയാണ് ഗോപിക. ദേവിക വയനാട്ടുകാരിയാണ്. കർണാടക സ്വദേശിയാണ് ഇജാസ്. തൃക്കാക്കരയിലെ ഷോപ്പിലെ ജീവനക്കാരാണ് മരിച്ചവരെന്നാണ് പ്രാഥമിക വിവരം. സുഹൈൽ സജീവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

‘‘സുഹൃത്തുക്കൾക്കൊപ്പം നിന്നപ്പോഴാണ് വലിയ ശബ്ദം കേട്ടത്. ഓടി വന്നപ്പോൾ 3 പേർ റോഡിൽ കിടക്കുന്നതു കണ്ടു. പൊലീസിനെ അറിയിച്ചശേഷം ആംബുലൻസ് വിളിച്ചു. കാറിൽ രണ്ടുപേരുണ്ടായിരുന്നു. വണ്ടിയിൽനിന്ന് ഇറങ്ങിയ ഡ്രൈവർ നാട്ടുകാരുമായി തർക്കിച്ചു. പൊലീസ് എത്തി കൊണ്ടുപോയി’’–നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *