
കോഴിക്കോട്: വിവിധ ജില്ലകളിലെ സിനിമ തിയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് കാരണംകാണിക്കല്‍ നോട്ടീസുകളും നൽകി.
കഴിഞ്ഞമാസം നടന്ന പരിശോധനയുടെ രണ്ടാംഘട്ട പരിശോധനയിലാണ് പിഴയായി 62,000 രൂപയും ചുമത്തിയത്. തിയറ്ററുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദര്‍ശിപ്പിക്കാറില്ലെന്നുമുള്ള പരാതികളെ തുടര്‍ന്നാണു മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം ഈ പരിശോധന നടത്തിയത്. എല്ലാ മാസവും ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ തുടരാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് രാമനാട്ടുകര സുരഭി തിയേറ്ററുകളിലെ പരിശോധനയില്‍ പാക്കറ്റുകളില്‍ നിര്‍മ്മാതാവിന്റെ പേരുവിവരം രേഖപ്പെടുത്താത്തതിനു നോട്ടീസ് നല്‍കി. ചെറുവണ്ണൂര്‍ ഫറോക്കിലെ മല്ലിക പ്ലെക്‌സ് തിയേറ്ററില്‍ 60 ഗ്രാം പോപ്‌കോണില്‍ 7.5 ഗ്രാം തൂക്കം കുറച്ചു വില്‍പ്പന നടത്തിയതിനു കേസെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിനും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തിട്ടുണ്ട്.
കണ്ണൂര്‍ പയ്യന്നൂര്‍ അര്‍ച്ചന കോംപ്‌ളക്‌സില്‍ നിന്നും 65 ഗ്രാം എന്നു രേഖപ്പെടുത്തി വില്‍പ്പന നടത്തിയ പോപ്‌കോണ്‍ തൂക്കം 52 ഗ്രാം മാത്രമുള്ളതിനാല്‍ കേസെടുത്ത് 10,000 രൂപ പിഴ ഈടാക്കി. ചെറുപുഴ എ.കെ. സിനി പാലസില്‍ 60 ഗ്രാം എന്ന് രേഖപെടുത്തിയ പോപ്‌കോണ്‍ തൂക്കം 42 ഗ്രാം മാത്രമുള്ളതിനാല്‍ 5,000 രൂപ പിഴ ഈടാക്കി. ദേവ് സിനിമാസ് കണിച്ചാര്‍ തിയറ്ററിലും 50 ഗ്രാം എന്നു രേഖപ്പെടുത്തിയ പോപ്‌കോണ്‍ 35 ഗ്രാമായിരുന്നു തൂക്കം. ഉളിക്കല്‍ എസ്‌ജേസ് ജി സിനിമ തിയേറ്ററില്‍ വെയിംഗ് മെഷീന്‍ യഥാസമയം മുദ്രചെയ്യാത്തതിനു കേസെടുത്തു. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും തിയറ്റര്‍ ഹാളിനുപുറത്തു കുടിവെള്ളം സജ്ജീകരിക്കാനും മറ്റൊരു സ്ഥാപനത്തിന് സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
