ജന്തർ മന്ദിറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കി, ദില്ലി പൊലീസിൻ്റെ സുപ്രധാന നീക്കം

രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായി ദില്ലി പോലീസ്. പതിറ്റാണ്ടുകളായി ദില്ലിയിലെ സമരകേന്ദ്രമായിരുന്ന ജന്തർ മന്ദിറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ദില്ലി പോലീസ് ഒഴിവാക്കി. ജന്തർ മന്ദിറിന് പകരം പ്രക്ഷോഭങ്ങൾക്കായി ദില്ലിയിൽ മൂന്ന് പുതിയ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി ബി ഡി (CBD) ഗ്രൗണ്ട് എന്നിവയാണ് പുതുതായി അനുവദിച്ച സമരവേദികൾ.

പ്രതിഷേധങ്ങൾ തടസ്സമില്ലാതെ നടത്താൻ ബദൽ വേദികൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി നൽകിയ ശുപാർശ കൂടി പരിഗണിച്ചാണ് ദില്ലി പൊലീസിന്‍റെ സുപ്രധാന തീരുമാനം. പ്രതിഷേധ വേദികൾ പുനഃക്രമീകരിച്ചുകൊണ്ട് 2022 ഏപ്രിൽ 28 ലെ മുൻ ഉത്തരവാണ് പോലീസ് ഇപ്പോൾ ഭാഗികമായി ഭേദഗതി ചെയ്തിരിക്കുന്നത്. പ്രധാന സർക്കാർ ഓഫീസുകളും പാർലമെന്റും സ്ഥിതി ചെയ്യുന്ന മേഖലകളിൽ നിന്നുമുള്ള ഈ വേദി മാറ്റം പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ നിശബ്ദമാക്കാനുള്ള തന്ത്രമാണെന്ന വിമർശനം ശക്തമാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *