ധനകാര്യസ്ഥാപനത്തിൽ നിന്ന് അരക്കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതിയെ മൈസൂരുവിൽ നിന്ന് പിടികൂടി

തൃശൂർ: ധനകാര്യ സ്ഥാപനത്തിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ മൈസൂരുവിൽ നിന്ന് പിടികൂടി. അകലാട് എടക്കഴിയൂർ സ്വദേശി നൂറു എന്നു വിളിക്കുന്ന സുനീറിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിൽ പണയംവെച്ച സ്വർണാഭരണങ്ങൾ എടുക്കാനെന്ന പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ സെപ്റ്റംബർ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധനകാര്യ സ്ഥാപനത്തിന്റെ തൃശൂരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിയുടെ അക്കൗണ്ടിൽ നിന്ന് 70.4 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും, തുടർന്ന് ഈ തുകയിൽ നിന്ന് സ്ഥാപനം അറിയാതെ പ്രതി 59.8 ലക്ഷം രൂപ മറ്റു അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തും എ.ടി.എം മുഖേനയും പിൻവലിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിന്റെ മാനേജർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിനിടയിൽ പ്രതി നാടുവിട്ടതായി കണ്ടെത്തുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി മൈസൂരുവിലുണ്ടെന്ന് കണ്ടെത്തി.

അന്വേഷണ സംഘം പ്രതിയെ അവിടെ നിന്ന് പിടികൂടുകയായിരുന്നു. പ്രതി ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ സമാനകേസിൽ ഉൾപ്പെട്ടയാളും, വടക്കേകാട് സ്റ്റേഷനിൽ നിരവധി ക്രമിനൽകേസുകളിലെ പ്രതിയുമാണ്.

തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖിന്റെ നിർദേശ പ്രകാരം ഗുരുവായൂർ സബ് ഡിവിഷൻ അസി. കമീഷണർ സുരേന്ദ്രൻ മാങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം. ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ പ്രീത ബാബു (എസ്.എച്ച്.ഒ), ജലീൽ കെ.ബി., സജിത് കുമാർ, എസ്.സി.പി.ഒമാരായ സജീവ്, അജിത്ത് ലാൽ, സി.പി.ഒമാരായ രജിത്ത്, വിഷ്ണു എസ്. (വടക്കേക്കാട് പൊലീസ് സ്റ്റേഷൻ), തൃശൂർ സിറ്റി സൈബർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *