മൂന്ന് ജീവനെടുത്ത മിനി കൂപ്പര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്; ‘എല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്ന അഹങ്കാരവുമായി  ഇഹ ഡിസൈന്‍സിന്റെ ഉടമയുടെ മകൻ ;പ്രതിയുടെ രക്തത്തില്‍ അമിത അളവില്‍ മദ്യം !

നെടുമ്പാശേരി അത്താണി വിഐപി റോഡിൽ മൂന്ന് നിരപരാധികളുടെ ജീവനപഹരിച്ച കൊടും അപകടത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകട സ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അപകടത്തിന്റെ ഭീകരത വ്യക്തമാകുന്നത്. അതിവേഗതയിലെത്തിയ ആഡംബര മിനി കൂപ്പർ കാർ സ്‌കൂട്ടർ യാത്രികരുടെ മേലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ആരുടെയും മനസ്സില്‍ ഈ കൊലപാതകം യാദൃശ്ചികമല്ലെന്നും പ്രതി മനപ്പൂര്‍വ്വം ഇടിച്ചു കൊന്നതാണെന്നുമാണ് തോന്നിപ്പിക്കുന്നത്. അത്രത്തോളം ഭീകരമായ രീതിയിലാണ് അതിവേഗതയിലെത്തിയ ആഡംബര മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടര്‍ യാത്രികരുടെ മേല്‍ പാഞ്ഞുകയറിയത്. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈന്‍സിന്റെ ഉടമകളായ സജീവ് ജമാലിന്റെയും നൂഹാ സജീവിന്റെയും മകനും രാജഗിരി കോളേജിലെ ബികോം വിദ്യാര്‍ത്ഥിയുമായ സുഹൈല്‍ സജീവ് (18) ആണ് ഈ ദാരുണാപകടത്തിന് പിന്നില്‍.

അപകടത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വൈദ്യപരിശോധനയില്‍ സുഹൈലിന്റെ ശരീരത്തില്‍ അമിതമായ അളവില്‍ മദ്യം അടങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗികമായി കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിന് പുറമെ ഇയാള്‍ മറ്റ് രാസലഹരികളും ഉപയോഗിച്ചിട്ടുണ്ടോയെന്ന ശക്തമായ സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അപകടത്തിന് തൊട്ടുമുമ്പുള്ള ദിവസത്തെ സുഹൈലിന്റെ നീക്കങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇന്നലെ ഉച്ച മുതല്‍ തന്നെ സുഹൈല്‍ നഗരത്തിലെ മൂന്ന് പ്രമുഖ ബാറുകളിലും വിവിധ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും കയറി മദ്യപിച്ചിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ വന്നിറങ്ങിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സുഹൈൽ സജീവ് എന്ന വിദ്യാർത്ഥിയുടെ അമിതവേഗതയും മദ്യലഹരിയുമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് മൂന്ന് ചെറുപ്പക്കാരുടെ കരിയറും പ്രതീക്ഷകളുമാണ്. ഏവിയേഷന്‍ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ആന്റിക് ഷോപ്പില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇജാസ് (21) എന്നിവരാണ് ഈ ദാരുണ അപകടത്തിൽ മരണപ്പെട്ടത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചു മടങ്ങുന്നതിനിടയിലാണ് കാർ രൂപത്തിൽ ഇവർക്ക് മേൽ മരണം പാഞ്ഞെത്തിയത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികരായ ഇവർ റോഡിന്റെ ഇരുവശത്തേക്കുമായി തെറിച്ച് തലയടിച്ചു വീണു. തൽക്ഷണം മരണം സംഭവിച്ചു.

മറ്റ് സുഹൃത്തുക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. സന്തോഷത്തോടെ സംസാരിച്ചു വന്ന സുഹൃത്തുക്കള്‍ നിമിഷങ്ങള്‍ക്കകം ചോരയില്‍ കുളിച്ച് റോഡില്‍ കിടക്കുന്നതു കണ്ടതിന്റെ ഞെട്ടലിലാണ് കൂടെയുണ്ടായിരുന്നവര്‍. അപകടം നടന്നയുടന്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ സുഹൈലിനെ ധീരരായ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ സ്റ്റേഷനിലെത്തിക്കുമുമ്പ് തന്നെ നാട്ടുകാരുടേയും പോലീസിന്റേയും മുന്നില്‍ വെച്ച് യാതൊരു കുറ്റബോധവുമില്ലാതെ ഇയാള്‍ അഹങ്കാരത്തോടെ തട്ടിക്കയറുകയായിരുന്നു. ‘എല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്നായിരുന്നു മൂന്ന് പേരുടെ ജീവനെടുത്തശേഷമുള്ള ഇയാളുടെ വെല്ലുവിളിയെന്നു നാട്ടുകാർ ആരോപിക്കുന്നു.

നേരത്തെയും 220 കിലോമീറ്ററോളം വേഗതയില്‍ ആഡംബര കാറുകള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൈല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഇയാളുടെ പ്രവൃത്തികള്‍ ഒരു കൊടുംക്രിമിനലിന്റേതിന് തുല്യമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി പോലീസ് പ്രതിക്കെതിരെ അതീവ ഗൗരവമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കാറിന്റെ അമിതവേഗതയും അപകടമുണ്ടാക്കിയ രീതിയും കണക്കിലെടുത്ത് സുഹൈലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

മരണപ്പെട്ട മൂന്ന് യുവതീയുവാക്കളുടെ മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയ നിയമപരമായ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഈ ദാരുണ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിയെ ഇന്നുതന്നെ കോടതിയില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനാണ് പോലീസിന്റെ നീക്കം.

 

Leave a Reply

Your email address will not be published. Required fields are marked *