
കൊച്ചി: മാസപ്പടി കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നാണ് ഹർജിക്കാരുടെ വാദം. മുഖ്യമന്ത്രിയെന്ന നിലയിൽ സി.എം.ആർ.എൽ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇഡി കത്തിലില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയത്.
എന്നാൽ, തെളിവുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ പ്രതികളെ കേൾക്കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. എതിർ കക്ഷിയല്ലാത്തതിനാൽ അപ്പീൽ നൽകണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്ന്, പിണറായി വിജയനടക്കമുള്ളവർ സമർപ്പിച്ച പുതിയ അനുമതി അപേക്ഷയാണ് ഹൈക്കോടതി ഇന്നത്തെ പരിഗണനയ്ക്കെടുക്കുന്നത്. അപ്പീൽ നിലനിൽക്കില്ലെന്നും പിണറായി അടക്കമുള്ളവർക്കെതിരെ വിജിലൻസ് കേസ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹവാല ഇടപാടിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയാണ്. അഴിമതി തടയൽ നിയമപ്രകാരമാണ് രണ്ട് കേസുകളുമെടുത്തിട്ടുള്ളത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇ ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളുമെടുത്തത്. ഈ കേസുകളിൽ വീണ വിജയൻ രണ്ടാം പ്രതിയാണ്. പിണറായിയും റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ്ഐആർ.
Also Read | ജപ്‌തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; ആർബിഐ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ബാങ്കിനെതിരെ പരാതി
എന്താണ് മാസപ്പടി, ഹവാല കേസ്?
കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് മാസപ്പടി കേസ്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐ.ടി കമ്പനിയും കൊച്ചിയിലെ കമ്പനിയായ സി.എം.ആർ.എൽ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി കേസാണിത്.
സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് എക്സാലോജിക് കമ്പനി യാതൊരുവിധ സേവനങ്ങളും നൽകാതെ 3.28 കോടി രൂപ പ്രതിമാസ ഗഡുക്കളായി കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ മകൾക്ക് ഈ തുക നൽകിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്നും, ഇത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലിയുടെ ഭാഗമാണെന്നുമാണ് ആരോപണം. സി എം ആർ എൽ കമ്പനി ഉടമ ശശിധരൻ കര്‍ത്ത ഉള്‍പ്പടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.
മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേയ്ക്ക് കടത്തിയെന്ന ഇ ഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. റിയാസും വീണയും ചേർന്ന് റിയാസിന്റെ സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി, യു എ ഇയിലേയ്ക്ക് ഇടനിലക്കാര്‍ വഴി പണം കടത്തിയെന്നാണ് ആരോപണം. 85 ലക്ഷം വിദേശത്തേയ്ക്ക് അയച്ചുവെന്നും കണ്ടെത്തി.










കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60 കാരിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 234427 എന്ന നമ്പറിന്
മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.