രണ്ടു വയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ച സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
അ​ക്ഷി​ത്, അ​ഖി​ല

മാവേലിക്കര: മാതാവിനൊപ്പം റെയിൽപാളത്തിനുസമീപംനിന്ന രണ്ടുവയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ, പരിക്കേറ്റ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിതാണു മരിച്ചത്. മാതാവ് അഖില (31)ക്കെതിരെയാണു കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് 6.45ന് ളാഹ റെയിൽവേ ഗേറ്റിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്കുപോയ ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. തുടർന്ന് ഇവരെ മാവേലിക്കര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. അഖില ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ കുട്ടിയെയെടുത്ത് ട്രാക്കിനുനടുവിൽ നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ അടുത്തുവരുന്നതുകണ്ട് മാറാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിക്കുകയായിരുന്നെന്നും ആർ.പി.എഫ് പറഞ്ഞു.

അഖില ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അഖിലയുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നമുറക്ക് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം അക്ഷിതിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഇവരുടെ മൂത്ത മകൾ അമയ (മൂന്ന്) കഴിഞ്ഞവർഷം വൃക്കസംബന്ധമായ അസുഖത്താൽ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *